സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചതായി യമഹ. ഈ വിസ്മയിപ്പിക്കുന്ന ഫീച്ചര്‍ യമഹ കമ്പനി ആര്‍3 ഡമ്മി മോഡലില്‍ അണിയിച്ചാണ് പരീക്ഷണങ്ങള്‍. പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ കമ്പനി എപ്പോള്‍ വില്‍പ്പനക്കെത്തിക്കുമെന്ന വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. സെല്‍ഫ് ബാലന്‍സിംഗിനായി യമഹ അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് സിസ്റ്റം ഉപയോഗിക്കുന്നു. ഡമ്മിയായി വികസിപ്പിക്കുന്ന ഇലക്ട്രിക് ആര്‍3 ബൈക്കിലാണ് യമഹ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്ക് ആണെന്ന് അറിയാത്ത തരത്തിലാണ് കമ്പനി ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുചക്രവാഹനത്തിന്റെ സെല്‍ഫ് ബാലന്‍സിംഗ് സൗകര്യത്തിനായി കമ്പനി ചില പ്രത്യേക ഉപകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് വീലിലും സ്റ്റിയറിംഗ് ഹെഡിലും ഇതിനായി അക്ചുവേറ്റേര്‍സ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയോ അതില്‍ കുറവോ ആണെങ്കില്‍ ബൈക്ക് നേരെ നില്‍ക്കാന്‍ സഹായിക്കുന്ന ആറ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ഉണ്ട്. ഈ സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ-വികസന ഘട്ടത്തിലാണെന്നാണ് യമഹ പറയുന്നത്.