യമഹ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ കാര്‍ബണ്‍ ഫൈബര്‍ പാറ്റേണ്‍ ഗ്രാഫിക് സഹിതം സ്പോര്‍ട് ബൈക്കായ യമഹ ആര്‍15എം പുറത്തിറക്കി. പ്രശസ്തമായ ആര്‍1 ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലുള്ളത്. യമഹയുടെ റേസിംഗ് ഡിഎന്‍എ ഉപയോഗിച്ച് സൂപ്പര്‍സ്‌പോര്‍ട്ടി ലൈനായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ പാറ്റേണുള്ള യമഹ ആര്‍15എം ബൈക്കിന്റെ വില 2,08,300 രൂപയാണ്. അതേസമയം മെറ്റാലിക് ഗ്രേയില്‍ നവീകരിച്ചതിന് 1,98,300 രൂപയാണ് എക്‌സ്-ഷോറൂം വില. 155 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനിലാണ് ബൈക്ക് വരുന്നത്. എഞ്ചിന്‍ 13.5ബിഎച്പി കരുത്തും 14.2എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഒരു പ്രത്യേക ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. സംവിധാനം വീല്‍ സ്പിന്‍ സാധ്യത കുറയ്ക്കുന്നതായി കമ്പനി പറയുന്നു.