ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയിഡ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു വര്‍ഷത്തോളം നീണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജൂലായ് 20-ന് പരിഷ്‌കരിച്ച ആപ്പ് അവതരിപ്പിച്ചത്. കമ്പനിയുടെ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രൊജക്ട് ആയിരുന്നു ഇത്. പഴയ ആപ്പിനേക്കാള്‍ കൂടുതല്‍ വേഗമേറിയ പ്രവര്‍ത്തനം, സുഗമമായ സ്‌ക്രോളിങ്, കുറഞ്ഞ ലോഡിങ് സമയം, മെച്ചപ്പെട്ട നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വര്‍ഷങ്ങളായി ഐഒഎസ് പതിപ്പിനെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് ആപ്പ് പിന്നിലായതിനാലാണ് പുതിയൊരു മാറ്റത്തിന് കമ്പനി തയ്യാറായത്. ഒക്ടോബറില്‍ ആന്‍ഡ്രോയിഡ് ഡൗണ്‍ലോഡുകളില്‍ റെക്കോഡ് വര്‍ദ്ധനവ് ഉണ്ടായതിന് ശേഷമാണ് ആന്‍ഡ്രോയിഡ് ആപ്പ് മെച്ചപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്. പുതിയ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണെങ്കിലും, കൂടുതല്‍ മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് എക്‌സ്.
