പ്രീമിയം ബൈക്ക് ശ്രേണിയില്‍ എക്സ്പള്‍സിന്റെ പുതുപുത്തന്‍ 200ടി 4-വാല്‍വ് മോഡല്‍ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. 1,25,726 രൂപയാണ് വില. രൂപകല്പനയിലും പെര്‍ഫോമന്‍സിലും പുതുമകളുമായാണ് പുത്തന്‍ എക്സ്പള്‍സ് എത്തുന്നത്. മികച്ച ട്യൂറിംഗ് കാര്യശേഷി ശ്രദ്ധേയമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യയും കരുത്തായുണ്ട്. വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിനോട് കൂടിയ പുതിയ ബൈക്കിന് ആറ് ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ടോര്‍ക്കുമുണ്ട്. ഇത് ഉയര്‍ന്ന വേഗതയിലും ദിവസം മുഴുവന്‍ ആയാസരഹിതമായ റൈഡിംഗ് സാദ്ധ്യമാക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു. മികച്ച ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്‌ളൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍.സി.ഡി ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.