ചൈനീസ് ടെക് ഭീമനായ ഷവോമി 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച തങ്ങളുടെ ഇലക്ട്രിക് കാര്‍ ‘മൊഡേന പ്രോജക്ട്’ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നു. കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലെന്നാണ് ഏറ്റവും പുതിയ വിവരം. ഷവോമി കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊഡേന സെഡാന്‍ ഷവോമിയുടെ ആദ്യ കാര്‍ ഒരു സെഡാന്‍ ആണെന്നാണ് സൂചന. മൊഡേന എന്നാണ് വാഹനത്തിന്റെ പേര്. മംഗോളിയയിലെ മഞ്ഞ് താഴ്വരകളില്‍ വാഹനത്തിന്റെ വിന്റര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഏറ്റവും പുതിയ ക്വാല്‍കോം 8295 ചിപ്പുകളിലാവും പ്രവര്‍ത്തിക്കുക. ഷവോമി ഇതിനകം 1.5 ബില്യണ്‍ ഡോളര്‍ ഇ.വി കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ആദ്യമാണ് ഷവോമി വൈദ്യുത വാഹന നിര്‍മാണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചത്. ബെയ്ജിങ്ങില്‍ പുതിയ നിര്‍മാണശാല പണി പൂര്‍ത്തിയായതായാണ് വിവരം. പ്രതിവര്‍ഷം മൂന്നു ലക്ഷം ഇ.വികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് ഷവോമി ലക്ഷ്യമിടുന്നത്.