ഇന്ത്യന്‍ വജ്രാഭരണങ്ങള്‍ ലോകപ്രശസ്തമാണ്. അത്യപൂര്‍വമായ കരവിരുതുകൊണ്ട് എട്ടു ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ വജ്രാഭരണങ്ങള്‍. ലോക റിക്കാര്‍ഡിട്ട വജ്രാഭരണങ്ങള്‍ കാണേണ്ട കാഴ്ചതന്നെയാണ്. ആഭരണങ്ങളില്‍ ഏറ്റവും മികച്ചത് ഗണേശ വിഗ്രഹത്തോടെയുള്ള വജ്രമാലയാണ്. 1011.150 ഗ്രാം ഭാരമുള്ള ഈ ഗണേശ മാലയില്‍ 11,472 വജ്രങ്ങളുണ്ട്. ‘ഏറ്റവും ഭാരമേറിയ പെന്‍ഡന്‍ഡ്’,’ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ചിട്ടുള്ള പെന്‍ഡന്‍ഡ്’ എന്നിങ്ങനെ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ് ഈ ഗണേഷ് പെന്‍ഡന്‍ഡ് നേടിയത്. ഹൈദരാബാദിലെ ജ്വല്ലറി ഗ്രൂപ്പായ ശിവ നാരായണ്‍ ജ്വല്ലേഴ്സ് രൂപകല്‍പ്പന ചെയ്ത ആഡംബര വജ്രാഭരണങ്ങളാണ് ലോക റിക്കാര്‍ഡിട്ട് ലോകമെങ്ങുമുള്ള ആഭരണഭ്രമക്കാരുടെ മനം കവര്‍ന്നിരിക്കുന്നത്. ലോക റിക്കാര്‍ഡ് നേടിയ മറ്റൊരു സവിശേഷ ആഭരണമാണ് രാം ദര്‍ബാര്‍ പെന്‍ഡന്‍ഡ്. ഈ മാലയില്‍ 1681.820 ഗ്രാം ഭാരമുള്ള 54,666 വജ്രങ്ങളാണുള്ളത്. എട്ടര മാസംകൊണ്ടാണ് ഈ വജ്രമാലയുടെ പണി പൂര്‍ത്തിയാക്കിയത്. ലോക റിക്കാര്‍ഡിട്ട് മറ്റൊരു നെക്ലേസായ സത്ലഡയില് 315 മരതകങ്ങളും വിലയേറിയ 1971 വജ്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ‘ലോകത്തിലെ ഏറ്റവും വിലയേറിയ മാഗ്നിഫൈയിംഗ് ഗ്ലാസ്’ എന്ന റെക്കോര്‍ഡ് സ്ഥാപിച്ച മാഗ്നിഫൈയിംഗ് ഗ്ലാസ് ആണ് മറ്റൊരു സൃഷ്ടി. 1,08,346 ഡോളര്‍ വിലമതിക്കുന്ന മാഗ്നിഫൈയിംഗ് ഗ്ലാസാണിത്. അതായത് 90 ലക്ഷം രൂപ. 400 കാരറ്റിലധികം വിലയുള്ള വജ്രങ്ങളും 2,600 കാരറ്റ് മരതകവും രണ്ടു കിലോഗ്രാമോളം സ്വര്‍ണവും ഉപയോഗിച്ചു നിര്‍മ്മിച്ച രാം പരിവാര്‍ നെക്ലസും ലോക റിക്കാര്‍ഡിട്ടു. അമൂല്യമായ ഈ ആഭരണങ്ങള്‍ കാണുന്നതുതന്നെ ഐശ്വര്യമാണ്.