ശരീരത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്‌സിന്‍, ട്രൈയോഡോ തൈറോനിന്‍ എന്നീ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. 10 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗി വീതമെങ്കിലുമുണ്ടാകുമെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗാവസ്ഥകള്‍ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. തൈറോയ്സ് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങള്‍ വരാന്‍ സാധ്യത. ആര്‍ത്തവവിരാമത്തിലും ഗര്‍ഭകാലത്തുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാലാണിത്. കൃത്യമായ ഇടവേളകളില്‍ തൈറോക്‌സിന്‍, ട്രൈയോഡോ തൈറോനിന്‍, തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍ ഇവ അളക്കാന്‍ രക്തപരിശോധന നടത്തണം. ഇത് അസ്വാഭാവികമായെന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കും. ടിഎസ്എച്ച് ന്റെ അളവ് കൂടുന്നത് ഹൈപ്പോതൈറോയ്ഡിസം കുറയുന്നത്, ഹൈപ്പര്‍ തൈറോയ്ഡിസം സമയത്ത് രോഗനിര്‍ണയം നടത്താന്‍ പതിവായ ആരോഗ്യപരിശോധനകള്‍ നടത്തണം.