ഗൂഗിളിന് പിന്നാലെ വാട്സ്ആപ്പും പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ‘പാസ്കീ’ സംവിധാനവുമായി എത്തുന്നു. ഫിഡോ സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഗൂഗിള്‍ പാസ്കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന് തുടങ്ങിയ വെരിഫിക്കേഷന് മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്കീ’ സൗകര്യവും എത്താന്‍ പോകുന്നത്. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യാന്‍ പാസ്കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്ഷന് ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാര്‍ഗങ്ങള്‍ (വിരലടയാളം, ഫേസ് അണ്‍ലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ ഒരു ക്രിപ്റ്റോഗ്രാഫിക് കീ നല്‍കും. നിങ്ങളുടെ ഗൂഗിള്‍ പാസ്വേഡ് മാനേജറില്‍ ആകും പാസ്കീകള്‍ സംഭരിക്കപ്പെടുക. അതുകൊണ്ട് തന്നെ മറ്റൊരു സ്മാര്‍ട്ട്ഫോണിലോ ഉപകരണത്തിലോ ലോഗിന്‍ ചെയ്യലും എളുപ്പമായിരിക്കും. ടു ഫാക്ടര്‍ ഒതന്റിക്കേഷനേക്കാള് സുരക്ഷിതം ‘പാസ് കീ’ തന്നെയാണ്. വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു ഗുണം. ആന്‍ഡ്രോയിഡ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്സ്ആപ്പ് നേരത്തെ പാസ്കീ പിന്തുണ പരീക്ഷിച്ചിരുന്നു. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക്, വരും ആഴ്ചകളില്‍ ഇത് ലഭ്യമാകും.