വാട്‌സ്ആപ്പിനെതിരെ വീണ്ടും സ്വകാര്യതാ വിവാദം. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ‘രഹസ്യമായി വായിക്കപ്പെടുന്നു’ എന്ന് ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് ഉന്നയിച്ച ആരോപണങ്ങളാണ് ചര്‍ച്ചക്ക് ചൂടു പകര്‍ന്നത്. ഇതിനെതിരെ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് ശക്തമായി രംഗത്തു വന്നു. വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നു, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കമ്പനിയ്ക്ക് വായിക്കാന്‍ സാധ്യമല്ല എന്നാണ് കമ്പനിയുടെ വിശദീകരണം. അമേരിക്കയില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ് ആക്ഷന്‍ കേസാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. വാട്‌സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ടെക് സംരംഭകനായ ഇലോണ്‍ മസ്‌കും വാട്‌സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ അവകാശവാദങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. അതേസമയം, ടെലിഗ്രാമിലും ഇതേ വിമര്‍ശനമുയര്‍ന്നു. സാധാരണ ചാറ്റുകള്‍ക്ക് ഡീഫോള്‍ട്ടായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല; ”സീക്രട്ട് ചാറ്റ്” ഉപയോഗിക്കുമ്പോഴാണ് അത് ലഭിക്കുകയെന്നാണ് പരാതി.
