ഒരേ സ്വഭാവമുള്ള വാട്‌സാപ് ഗ്രൂപ്പുകള്‍ ഒരുമിപ്പിച്ച് 5,000 പേര്‍ക്കു വരെ ഒരേസമയം അറിയിപ്പു നല്‍കാന്‍ കഴിയുന്ന ‘വാട്‌സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. 50 ഗ്രൂപ്പുകള്‍ വരെ ഒരു കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയയ്ക്കാന്‍ ഈ കമ്യൂണിറ്റിയില്‍ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവില്‍ അതതു ഗ്രൂപ്പില്‍ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. ഫീച്ചര്‍ ലഭ്യമാകാന്‍ വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ആന്‍ഡ്രോയ്ഡ് ഫോണിലെ വാട്‌സാപ്പിന്റെ മുകളിലെ പച്ച ബാറില്‍ ഇടതുവശത്തു കാണുന്ന കമ്യൂണിറ്റീസ് ഓപ്ഷന്‍ തുറക്കുക. ഇതില്‍ Start your community ടാപ് ചെയ്ത് കമ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നല്‍കാം. തുടര്‍ന്ന് അഡ്മിന്‍ ആയ വാട്‌സാപ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാം. ഒരേ സ്വഭാവമുള്ളവ ചേര്‍ത്ത് കമ്യൂണിറ്റി രൂപീകരിക്കാം. ഇക്കാര്യം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അറിയാനാകും കമ്യൂണിറ്റി വീണ്ടും തുറക്കുമ്പോള്‍ ഇതിലെ പച്ച നിറമുള്ള സ്പീക്കര്‍ ഐക്കണ്‍ കാണാം. കമ്യൂണിറ്റിയില്‍ ചേര്‍ത്ത ഗ്രൂപ്പുകളിലേക്ക് ഒരുമിച്ചു സന്ദേശം അയയ്ക്കാന്‍ ഈ ഐക്കണ്‍ ഉപയോഗിക്കാം.