കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ച യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാന്‍ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന. വൈറസിന്റെ അപൂര്‍വ്വമായ ആന്‍ഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഹാന്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികള്‍, വവ്വാല്‍ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പര്‍ശിക്കുകയോ, അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ രോഗം പകരാം. വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം വരെയാണ്. ശരീരത്തില്‍ വൈറസ് കയറിക്കൂടിയാല്‍ മൂന്ന് മുതല്‍ 39 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ പനി (പനിയും ശരീരവേദനയും) ലക്ഷണങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിവേഗം സ്ഥിതി വഷളാകാനും ശ്വാസതടസ്സം, രക്തസമ്മര്‍ദം കുറയല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
