യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിടുന്ന ആളാണെങ്കില്‍ ഹോം പേജില്‍ ഇനി ഒരു വീഡിയോ പോലും കാണാനാകില്ല. യൂട്യൂബില്‍ ഒന്നും സെര്‍ച് ചെയ്തിട്ടില്ലെങ്കിലും ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ദൃശ്യമാകില്ല. പൊതുവെ നിങ്ങള്‍ കാണുന്ന വീഡിയോകള്‍ അനുസരിച്ചാണ്, ഹോം പേജില്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. എന്നാല്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എന്തൊക്കെയാണെന്ന് മറ്റൊരാള്‍ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാല്‍, ഇനി ഒരു വീഡിയോ പോലും യൂട്യൂബ് ഹോംപേജിലുണ്ടാകില്ല, മറിച്ച്, സെര്‍ച് ബാറും പ്രൊഫൈല്‍ ചിത്രവും മാത്രമാകും കാണാന്‍ സാധിക്കുക. അതേസമയം, പുതിയ സവിശേഷതയെ കുറിച്ചുള്ള വിശദീകരണവുമായി യൂട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശുപാര്‍ശ ചെയ്യപ്പെടുന്ന വീഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കള്‍ക്ക് അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്സ്‌ക്രൈബ് ചെയ്ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തില്‍ പോകാനും പുതിയ മാറ്റം ഉപകാരപ്പെടുമെന്നാണ് അവര്‍ പറയുന്നത്. ഈ ഫീച്ചര്‍ യൂട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്, ഭാവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കുമെന്നും സ്ട്രീമിങ് ഭീമന്‍ പറയുന്നു. ഈ ഫീച്ചര്‍ നിലവില്‍ പലര്‍ക്കും ലഭ്യമാക്കി വരികയാണെന്നും, വൈകാതെ തന്നെ എല്ലാവര്‍ക്കും അവരുടെ യൂട്യൂബ് ആപ്പില്‍ ദൃശ്യമായി തുടങ്ങുമെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.