എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ പുറത്തുവിട്ട് ഫോക്സ്വാഗണ്‍. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മോഡല്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിക്കായി ഐഎംപി പ്ലാറ്റ്ഫോം നിര്‍മിക്കുന്നുണ്ട്. 2027ലാണ് ഫോക്സ്വാഗണ്‍ അവരുടെ എന്‍ട്രി ലെവല്‍ ഇവി പുറത്തിറങ്ങുക. റഫ് ലുക്കില്‍ ക്രോസ് ഓവര്‍ ഡിസൈനാവും ഫോക്സ്വാഗണ്‍ എന്‍ട്രി ലെവല്‍ വൈദ്യുത കാറിന്. 20000 യൂറോയിലാണ് (ഏകദേശം 18 ലക്ഷം രൂപ) പുതിയ ഇ കാറിന്റെ വില ആരംഭിക്കുക എന്നാണ് വാഹനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഫോക്‌സ്വാഗന്‍ അറിയിച്ചത്. ഫോക്സ്വാഗണ്‍ ഐഡി.2ഓള്‍ ഹാച്ച് ബാക്കിന് താഴെയായാണ് പുതിയ ഫോക്സ്വാഗണ്‍ ഇവിയുടെ സ്ഥാനം. ഐഡി.വണ്‍ എന്നായിരിക്കും ഫോക്സ്വാഗണ്‍ ഇവിയുടെ പേര്. 5 ഡോര്‍ മോഡലായിരിക്കും ഈ വൈദ്യുത കാര്‍. 2027ല്‍ പുറത്തിറങ്ങുന്ന ഒമ്പത് ഫോക്സ്വാഗണ്‍ വൈദ്യുത മോഡലുകളില്‍ ഒന്നായിരിക്കും ഈ മോഡലും. വൈദ്യുത വിപണിയിലേക്ക് കൂടുതല്‍ മാറാനുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണിത്.