പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വൈ29 ഫൈവ് ജി എന്ന പേരിലുള്ള ഫോണിന്റെ പ്രാരംഭ വില 13,999 രൂപയാണ്. ഇത് ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധം നല്‍കാനായി ഐപി 64 റേറ്റിംഗ് ഉണ്ട്. ഇതിന് ‘മിലിട്ടറി ഗ്രേഡ്’ ഡ്യൂറബിലിറ്റി ഉണ്ടെന്നും വിവോ അവകാശപ്പെടുന്നു. മ്യൂസിക് പ്ലേബാക്കില്‍ കാമറ മൊഡ്യൂളിനെ വൈബ്രന്റ് ലൈറ്റുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്ന വൃത്താകൃതിയിലുള്ള ഡൈനാമിക് ലൈറ്റ് ആണ് ഇതിന്റെ ഒരു പ്രത്യേകത. സ്ലീക്ക് ഡിസൈനില്‍ വരുന്ന ഫോണിന് സ്ലിം ആയിട്ടുള്ള 8.1 എംഎം ഫ്രെയിമും 198 ഗ്രാം ഭാരവുമുണ്ട്. 6.68-ഇഞ്ച് 120 ഹെര്‍ട്സ് എല്‍സിഡി സ്ക്രീനും 1000 പീക്ക് ബ്രൈറ്റ്നെസുമായാണ് ഫോണ്‍ വരുന്നത്. ഇത് സൂര്യപ്രകാശത്തില്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നു. കാമറ വിഭാഗത്തില്‍ വിവോ വൈ29 5ജി 50എംപി റിയര്‍ കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. എഐ നൈറ്റ് മോഡ് ആണ് മറ്റൊരു ഫീച്ചര്‍. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്.