ഏജന്റുമാരില്‍നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായ പരിശോധന. ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരിലുള്ള പരിശോധന വൈകുന്നേരമാണ് തുടങ്ങിയത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
കിഫ്ബി മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇടപെടല്‍. 23 ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നു ഇഡി കോടതിയെ അറിയിച്ചു.
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. എ.എന്‍ ഷംസീര്‍ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ എക്സൈസ്, തദ്ദേശ വകുപ്പുകളാകും രാജേഷിനു നല്‍കുക. ചൊവ്വാഴ്ച ഉച്ചക്കു 12 നാണു സത്യപ്രതിജ്ഞ. രണ്ടുതവണ എംപിയായിരുന്ന രാജേഷ് തൃത്താലയില്‍നിന്നാണ് നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്.
കേരള സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യാത്രാമംഗളമേകി കൈകള്‍ കൂപ്പി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂപ്പിയ കൈകള്‍ ഇരുകൈയിലുമാക്കി ചേര്‍ത്തുപിടിച്ച് മോദി. ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
തിരുവനന്തപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. സമ്മേളനം ഇന്നു രാവിലെ പത്തരയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവയില്‍ നിന്ന് സാധനം വാങ്ങാന്‍ കൂപ്പണുകള്‍ അനുവദിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍ നല്‍കുക.
ഇതര സമുദായാംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സമുദായത്തില്‍നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.