വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച മലയാള ചിത്രം ‘വിക്ടോറിയ’ തിയേറ്ററുകളിലേക്ക്. ഐ.എഫ്.എഫ്.കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ, ശിവരഞ്ജിനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ വിക്ടോറിയ നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോള്‍ഡന്‍ ഗ്ലോബറ്റ് ഏഷ്യന്‍ ടാലന്റ് മത്സര വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
