വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം. വിസി നിയമന സമിതിയില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നയാളെ ഗവര്‍ണറുടെ നോമിനിയാക്കണമെന്നാണു പുതിയ നിയമം. സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍നിന്ന് അഞ്ചാക്കാനും തീരുമാനിച്ചു. ബില്‍ 22 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററാക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും നിയമ പരിഷ്‌കരണ ശുപാര്‍ശയില്‍ നിര്‍ദേശിച്ചിരുന്നു.
കിഫ്ബിക്കുവേണ്ടി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതു സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇ ഡി സമന്‍സ് പ്രവര്‍ത്തനം തടസപ്പെടുത്താനാണെന്നായിരുന്നു കിഫ്ബിയുടെ ആരോപണം. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കോടതില്‍ പറഞ്ഞു. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
പാലക്കാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് പിടിയിലായത്. ഇതേസമയം, പ്രതികളാരും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ വളെ പഴയതാണെന്നും സുരേഷ് ബാബു പറഞ്ഞു.
ലോകായുക്ത നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ ഭിന്നത. നിലവിലെ ഭേദഗതികള്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാര്‍. ഇപ്പോള്‍ മാറ്റം വരുത്തിയാല്‍ നിയമ പ്രശ്‌നമുണ്ടാകുമെന്നും പിന്നീട് ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചര്‍ച്ച അവസാനിച്ചു. ബില്‍ സഭയില്‍ വരുമ്പോള്‍ ഭേദഗതി നിര്‍ദ്ദേശിക്കാനാണ് സിപിഐ നീക്കം. സിപിഐയുടെ ഭേദഗതി സിപിഎം അംഗീകരിക്കാനാണു സാധ്യത.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ജിഎസ്ടി അടച്ച ബില്ലുകളില്‍നിന്ന് നറുക്കെടുത്ത് ഭാഗ്യശാലികളെ തെരഞ്ഞെടുത്ത് അഞ്ചു കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നു. ബില്ലുകള്‍ ‘ലക്കി ബില്‍’ മൊബൈല്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്യണം. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഇന്നു വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു സമ്മാന പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖംമൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് സര്‍ക്കാര്‍. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നാണു ധാരണ.
തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കരിദിനം ആചരിക്കുന്നു. വികസനം എന്ന ഓമനപ്പേരില്‍ മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങി
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനുവേണ്ടി പോലീസ് ഡിഐജിയുടെ വാഹനം ദുരുപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കോവിഡ് കാലത്ത് തേങ്ങ കൊണ്ടുവന്നത് ഡിഐജിയുടെ കാറിലാണെന്ന് മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തി. പാസ് അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.