വരുണ്‍ ധവാന്‍ നായകനായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ‘ഭേഡിയ’ ട്രെയിലര്‍ എത്തി. ചെന്നായ കടിച്ച് അദ്ഭുത ശക്തി ലഭിക്കുന്ന യുവാവ് ആയി വരുണ്‍ എത്തുന്നു. കൃതി സനോണ്‍ ആണ് നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭാസ്‌കര്‍ എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ഡോ. അനിക എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മാരുതി സംവിധാനം ചെയ്യുന്ന ‘രാജ ഡിലക്‌സ്’ എന്ന ചിത്രത്തില്‍ പ്രഭാസ് നായകനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. പഴയ തിയറ്റര്‍ ഉടമസ്ഥനായും പ്രേതമായും ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘രാജ ഡീലക്‌സ്’ എത്തുക. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനാകുന്ന മറ്റൊരു ചിത്രമാണ് ‘ആദിപുരുഷ്’. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 83 കടന്നു. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 82.32 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 82.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, അസംസ്‌കൃത എണ്ണയുടെ വില വര്‍ധന തുടങ്ങിയ ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാക്സ് അഡ്വാന്‍ഡേജ് കറന്റ് അക്കൗണ്ട്, അസന്റ് കറന്റ് അക്കൗണ്ട്, ആക്ടിവ് കറന്റ് അക്കൗണ്ട്, പ്ലസ് കറന്റ് അക്കൗണ്ട്, പ്രീമിയം കറന്റ് അക്കൗണ്ട് തുടങ്ങി വിവിധ കറന്റ് അക്കൗണ്ടുകളിലേയ്ക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് ചാര്‍ജാണ് പുതുക്കിയത്. നേരത്തെ ആയിരം രൂപയ്ക്ക് മൂന്ന് രൂപ അല്ലെങ്കില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നതായിരുന്നു നിരക്ക്. നവംബര്‍ ഒന്നുമുതല്‍ ആയിരം രൂപയ്ക്ക് മൂന്നര രൂപ ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ജീപ്പ് ബ്രാന്‍ഡിങ്ങിലുള്ള ഏറ്റവും ചെറിയ എസ്യുവിയാണ് അവഞ്ചര്‍ ഇവി. ഈ വര്‍ഷത്തെ 4എക്‌സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ജീപ്പ് ഈ വാഹനത്തിന്റെ പവര്‍ട്രെയ്‌നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ ഈ വാഹനം യൂറോപ്യന്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ സ്റ്റെല്ലാന്റിസ് എസ്ടിഎല്‍എ എന്ന ചെറു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും. 154 എച്ച്പി 260 എന്‍എം ശേഷിയുള്ള 2 അല്ലെങ്കില്‍ 4 മോട്ടറുകളായിരിക്കും വദഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനത്തിന് നല്‍കുന്നത്. ജീപ്പ് അവെഞ്ചറിന് 2 വീല്‍ ഡ്രൈവ് 4 വീല്‍ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും.
സെഡറിക് അലന്‍ വെബേഴ്സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പിലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക്തിയിലൂടെ ശാരീരിക സംയോജനം വിജയകരമായിരുന്നെങ്കിലും മാനസികതലത്തില്‍ ഉടലെടുക്കുന്ന ദ്വന്ദവ്യക്തിത്വം കഥയുടെ ഗതി മാറ്റിമറിക്കുന്നു. ഹ്യൂബര്‍ട്ട് ഹദ്ദാദ് എന്ന ടുണീഷ്യന്‍ എഴുത്തുകാരന്റെ ശ്രദ്ധേയമായ ഒരു നോവല്‍. ‘മാറ്റിവെച്ച ഉടല്‍’. വിവര്‍ത്തനം – ശോഭ ലിസ ജോണ്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും നേരിടുന്ന ഒരു സംശയമാണ് ഭക്ഷണക്രമത്തില്‍ പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ പാല് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം പാല് പ്രോട്ടീനിന്റെ മികച്ച ഉറവിടവുമാണ്. അങ്ങനെവരുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റ് എടുക്കുന്നവര്‍ പാല് ഒഴിവാക്കണോ? ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത ദിവേകര്‍. പാലിന്റെ ഗുണങ്ങള്‍ വിശദീകരിച്ച റുജുത ഇവയോട് എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഇല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ പാല് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് പറയുന്നത്. പാലും പാലുത്പനങ്ങളും ഇന്ത്യന്‍ പാചകത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ നിങ്ങളുടെ പ്രാദേശിക പാചകരീതിയില്‍ പാല് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ട കാര്യമില്ല. പാലിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. എന്നാല്‍ പാല് ഇഷ്ടമില്ലാത്തവര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണക്രമം പരിശീലിക്കാം.