അരങ്ങിലും അണിയറയിലും വമ്പന്‍ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്. ഇവരെ കൂടാതെ വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പര്‍മാരായ ബേബി ജീന്‍ഹനുമന്‍കൈന്‍ഡ് എന്നിവരും അഭിനയിക്കുന്നു. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റെക്‌സ് വിജയന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി സിനിമ തിയറ്ററുകളിലെത്തും. റൈഫിള്‍ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.