ഡിസംബറിലും യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍ നില്‍ക്കുന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. മുന്‍ മാസമായ നവംബറിനേക്കാള്‍ 27.5 ശതമാനം കൂടുതലാണ് ഡിസംബറിലെ ഇടപാടുകളുടെ മൂല്യം. എന്നാല്‍ ഒക്ടോബറിലെ റെക്കോര്‍ഡ് ഉയരമായ 23.5 ലക്ഷം കോടിയേക്കാള്‍ താഴെയാണ് ഡിസംബറിലെ കണക്കുകള്‍. ഇടപാടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഡിസംബറില്‍ 1673 കോടി ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. നവംബറില്‍ ഇത് 1548 കോടി ഇടപാടുകള്‍ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 39 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ കണ്ട 40 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗം കുറഞ്ഞിട്ടുണ്ട്. പ്രതിദിന ഇടപാടുകള്‍ പരിശോധിച്ചാല്‍ ഡിസംബറില്‍ ശരാശരി 54 കോടി ഇടപാടുകള്‍ നടന്നു. പ്രതിദിനം ശരാശരി 74,990 കോടി മൂല്യമുള്ള ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഒരു ഇടപാടിന്റെ മൂല്യവും വര്‍ധിച്ചു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ശരാശരി 1400 രൂപയാണ് ഒരു ഇടപാടിന്റെ മൂല്യം. മുന്‍ പാദത്തില്‍ ഇത് 1,393 ആയിരുന്നു.