യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വരും വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വളരുമെന്നും 2026-27 -ഓടെ പ്രതിദിനം ഒരു ബില്യണ്‍ (100 കോടി) ഇടപാടുകള്‍ എന്ന ശ്രദ്ധേയമായ നാഴികക്കല്ലില്‍ എത്തിച്ചേരുമെന്നും പി.ഡബ്ല്യൂ.സി ഇന്ത്യയുടെ റിപ്പോര്‍ട്ട്. ‘ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക് – 2022-27’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുപിഐ, 2022-23 കാലയളവില്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കി ചരിത്രം സൃഷ്ടിച്ചു. റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റ് ലാന്‍ഡ്സ്‌കേപ്പില്‍ യുപിഐ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം ഇടപാടിന്റെ 90 ശതമാനവും യുപിഐ പിടിച്ചടക്കുമെന്നാണ് പ്രവചനം. ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആണ് കൈവരിച്ചത്. ഈ വളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇടപാടുകളുടെ എണ്ണം 2022-23 സാമ്പത്തിക വര്‍ഷത്തിലെ 103 ബില്യണില്‍ നിന്ന് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 411 ബില്യണായി ഉയരുമെന്നാണ് പറയുന്നത്. പ്രത്യേകിച്ചും, യുപിഐ ഇടപാടുകള്‍ 2022-23 ലെ 83.71 ബില്യണില്‍ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യണ്‍ ഇടപാടുകളായി ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.