നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് പ്രഖ്യാപനം. സാധാരണയായി യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നികുതി അടയ്ക്കുമ്പോഴും സമാന രീതിയാണ്. ഇതാദ്യമായല്ല ആര്‍ബിഐ യുപിഐ പരിധി ഉയര്‍ത്തുന്നത്. 2023 ഡിസംബറില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളില്‍ ആര്‍ബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. സാധാരണയായി യുപിഐയില്‍ ഒറ്റ ഇടപാടില്‍ 1 ലക്ഷം രൂപ വരെ കൈമാറാം. ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ, റീട്ടെയില്‍ ഡയറക്ട് സ്‌കീം എന്നിവയില്‍ ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ കൈമാറാം. 2021 ഡിസംബറിലാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും ഐപിഒ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമുള്ള യുപിഐ ഇടപാട് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്. അതേസമയം നിരക്കുകളിലും സമീപനത്തിലും മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. വളര്‍ച്ച, വിലക്കയറ്റം എന്നിവ സംബന്ധിച്ച അനുമാനങ്ങളിലും മാറ്റമില്ല. റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. മറ്റു നിരക്കുകളിലും മാറ്റമില്ല. ഈ ധനകാര്യ വര്‍ഷം ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം എന്ന നിഗമനം മാറ്റിയില്ല. വിലക്കയറ്റം 4.5 ശതമാനത്തില്‍ തുടരും. ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ചു. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അനധികൃത വായ്പാ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പബ്ലിക് റിപ്പോസിറ്ററി ആരംഭിക്കും.