യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യക്കാരുടെ ക്രെഡിറ്റ് ഉപയോഗിക്കുന്ന രീതിയെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ് യു.പി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 40 ഇടപാടുകള്‍ നടത്തുന്നതായി ക്രെഡിറ്റ്-ഓണ്‍-യുപിഐ പ്ലാറ്റ്‌ഫോമായ കിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം ശരാശരി 40,000 രൂപയാണ് ഉപയോക്താക്കള്‍ ചെലവാക്കുന്നത്. യു.പി.ഐ ക്രെഡിറ്റ് കാര്‍ഡുകളുടെ ശരാശരി ഇടപാട് മൂല്യം 1,125 രൂപയാണ്. 75 ശതമാനം ഇടപാടുകളും നടക്കുന്നത് പലചരക്ക് കടകളും പ്രാദേശിക ചില്ലറ വ്യാപാരികളും പോലുള്ള ചെറിയ കടകളിലാണ്. യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന മെട്രോ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബംഗളൂരുവാണ്. ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവയാണ് തൊട്ടുപിന്നിലുളളത്. യുപിഐ പ്രാപ്തമാക്കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ 45 ശതമാനം പേരും 30 വയസിന് താഴെയുള്ളവരാണ്, 30 ശതമാനം പേര്‍ 31-40 വയസിനും 20 ശതമാനം പേര്‍ 41-50 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 32 കോടി മര്‍ച്ചന്റ് ടച്ച്പോയിന്റുകളുടെ വിപുലമായ ശൃംഖലയാണ് യുപിഐ യ്ക്കുളളത്. ഇത് ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കി മാറ്റിയിരിക്കുകയാണ്.