സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറിനിൽക്കില്ലെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ. തനിക്കെതിരെ പരാതി നൽകാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറൽ സെക്രട്ടറിയെയാണ് ആ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമ്മ സംഘടനയിൽ നിന്ന് മോഹൻലാലിനെപ്പോലെയുള്ളൊരു പ്രസിഡന്റ് രാജിസന്നദ്ധത പ്രകടിപ്പിക്കുമ്പോൾ അദ്ദേഹത്തെ തനിച്ച് രാജിവെയ്ക്കാൻ അനുവദിക്കേണ്ടതില്ല എന്ന തോന്നലിലാവാം മറ്റുള്ളവരും രാജിവെച്ചത്. രാജിവെയ്ക്കണോ എന്ന് സംശയിച്ചവരും അക്കൂട്ടത്തിലുണ്ടാവാം. ഇതിൽക്കൂടുതൽ ഫെഫ്ക്ക ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് അമ്മ സംഘടനയേക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പല്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.