പുതിയ ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ അവതരിപ്പിച്ച് അള്‍ട്രാവയലറ്റ്. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ ആദ്യ ക്രോസ് ഓവര്‍ ബൈക്ക് എന്ന പേരില്‍ എത്തുന്ന എക്‌സ് 47 ന്റെ ഷോറൂം വില 2.49 ലക്ഷം രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ബൈക്കുകള്‍ക്ക് മാത്രമായിരിക്കും ഈ വിലയെന്നും അതിന് ശേഷം 2.74 ലക്ഷം രൂപയായിരിക്കുമെന്നാണ് അള്‍ട്രാവയലറ്റ് അറിയിക്കുന്നത്. ബുക്കിങ് ആരംഭിച്ചെന്നും ഒക്ടോബര്‍ 25 മുതല്‍ വിതരണം ആരംഭിക്കും. നിലവില്‍ ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളിലെ ഏറ്റവും വലിയ ബാറ്ററി പാക്കായ 10.7 കിലോവാട്ട് ബാറ്ററിയാണ് എക്‌സ്47ല്‍. ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും ഈ ബൈക്ക്. 40 എച്ച്പി കരുത്തും 610 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടറാണ് വാഹനത്തില്‍. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.7 സെക്കന്‍ഡും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.1 സെക്കന്‍ഡും മാത്രം മതി. ഉയര്‍ന്ന വേഗം 145 കിലോമീറ്റര്‍. അള്‍ട്രവയലറ്റിന്റെ ആദ്യ വാഹനം എഫ്77ന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് രണ്ടാം മോഡലായ എക്‌സ്47ഉം എത്തുന്നത്.