വിദേശങ്ങളില്‍ നിന്നടക്കം നിരവധി ഓര്‍ഡറുകള്‍ സ്വന്തമാക്കി തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരുത്ത് പകര്‍ന്ന് ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡും. നോര്‍വേയിലെ വില്‍സണ്‍ എം.എസ്.എയില്‍ നിന്ന് എട്ട് 6300 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കാനുള്ള ഫോളോ അപ്പ് കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വന്തമാക്കി. ആറ് 3800 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ലഭിച്ച കരാറിന്റെ തുടര്‍ച്ചയാണിത്. ഈ യാനങ്ങളുടെ നിര്‍മാണം കര്‍ണാടകയിലെ ഉഡുപ്പി യാര്‍ഡില്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 19നകം കരാറില്‍ ഒപ്പുവയ്ക്കും. സമാനമായ നാല് കപ്പലുകള്‍ നിര്‍മിക്കാനുള്ള തുടര്‍ കരാറിന് വ്യവസ്ഥയുണ്ട്. 100 മീറ്റര്‍ നീളമുള്ള കപ്പലിന് 6.5 മീറ്റര്‍ ഡിസൈന്‍ ഡ്രാഫ്റ്റില്‍ 6,300 മെട്രിക് ടണ്‍ ഭാരം ഉണ്ട്. നെതര്‍ലാന്‍ഡിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ ആണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്റ്റിന് ഏകദേശം 1,100 കോടി രൂപയാണ് മൂല്യം. 2028 സെപ്റ്റംബറിനകം നിര്‍മ്മാണം പൂര്‍ത്തിയായി യാനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നോര്‍വേ കമ്പനിയില്‍ നിന്നുള്ള ആറ് കാര്‍ഗോ വെസലുകളും ഉള്‍പ്പെടുന്നു. യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങള്‍ നിര്‍മ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി കപ്പല്‍ ശാലയെ തിരഞ്ഞെടുത്തിരുന്നു.