ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം.
ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം തുടങ്ങിയത്. സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോണാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനo കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാണ് ഇത്തവണത്തെ ബജറെറന്ന് അദ്ദേഹം പറഞ്ഞു. നികുതി പിരിവിൽ സർക്കാർ വരുത്തിയ വീഴ്ച്ചയ്ക്കു നൽകേണ്ടി വന്ന വിലയാണ് അമിത നികുതിഭാരം. യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ധന സെസ്അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനം.