ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വില്‍പനയിലുണ്ടായ വര്‍ദ്ധനയുടെയും മറ്റ് ഘടകങ്ങളുടെയും പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനവോടെ 536 കോടി രൂപയിലെത്തി. അപ്പാച്ചെ നിര്‍മ്മാതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 13 ശതമാനം വര്‍ധിച്ച് 8145 കോടി രൂപയായി. എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 22 ശതമാനം വര്‍ധിച്ച് 900 കോടി രൂപയായപ്പോള്‍, പ്രവര്‍ത്തന മാര്‍ജിന്‍ 98 ബേസിസ് പോയിന്റ് ഉയര്‍ന്ന് 11 ശതമാനം ത്രൈമാസ റെക്കോര്‍ഡിലെത്തി. ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടെ ടിവിഎസ് വാഹനങ്ങളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) 2023 സാമ്പത്തിക വര്‍ഷത്തിലെ 70,292 രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനം ഉയര്‍ന്ന് 75,838 രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി ഉള്‍പ്പെടെയുള്ള ആകെ വില്‍പന 5 ശതമാനം വര്‍ധിച്ച് 1,074,000 യൂണിറ്റിലെത്തി.