ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായ ടിവിഎസ് ആധുനിക റെട്രോ മോട്ടോര്‍സൈക്കിളായ റോണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പുതിയ റോണിന്‍ സ്പെഷ്യല്‍ എഡിഷന്റെ എക്സ്ഷോറൂം വില 1,72,700 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈക്കിന് കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും, ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ സവിശേഷതകള്‍ റോണിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് സമാനമാണ്. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് റോണിന്‍ ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ റോണിന്റെ ഈ പ്രത്യേക പതിപ്പ് പുതിയ ഗ്രാഫിക്കോടെയാണ് വരുന്നത്. പുതിയ പതിപ്പില്‍ ഒരു പുതിയ ട്രിപ്പിള്‍ ടോണ്‍ ഗ്രാഫിക് സ്‌കീം അവതരിപ്പിക്കുന്നു. അതില്‍ പ്രാഥമിക ഷേഡായി ചാരനിറവും ദ്വിതീയ ഷേഡായി വെള്ളയും മൂന്നാമത്തെ ടോണായി ചുവന്ന വരയും ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ ബൈക്കിന്റെ എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടിവിഎസ് റോണിന് 225.9 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ആണ് ഹൃദയം. ഇത് 7750 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 3750 ആര്‍പിഎമ്മില്‍ 19.93 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. 120 കിലോമീറ്റര്‍ വേഗതയാണ് ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.