രണ്ട് വര്‍ഷമായി ഓഹരി വിപണിയില്‍ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം പലരും നിര്‍ത്തുകയാണ്. മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം എസ്.ഐ.പി. അക്കൗണ്ടുകള്‍ തുടങ്ങുന്നതിനേക്കാള്‍ വേഗത്തില്‍ നിലവിലുള്ളവ നിര്‍ത്തലാക്കുന്ന സാഹചര്യമുണ്ട്. വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമ്പോഴും വിപണിയെ താങ്ങിനിര്‍ത്തുന്നത് എസ്.ഐ.പി. വഴിയുള്ള പണമൊഴുക്കായിരുന്നു. വിപണിയിലെ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചുതുടങ്ങി. ഏപ്രില്‍ മാസത്തില്‍ പുതുതായി ആരംഭിച്ച എസ്.ഐ.പി. അക്കൗണ്ടുകളേക്കാള്‍ (50.7 ലക്ഷം) കൂടുതല്‍ അക്കൗണ്ടുകള്‍ നിര്‍ത്തി (51.3 ലക്ഷം). 2024 സെപ്റ്റംബറിന് ശേഷം വിപണിയില്‍ അനിശ്ചിതത്വം കൂടിയതാണ് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
