യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മാറ്റം സെപ്റ്റംബര്‍ 15ന് നിലവില്‍ വരും. നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. ആഭരണം വാങ്ങലുകളില്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാല്‍ ഒരു ദിവസം മൊത്തത്തില്‍ കൈമാറാന്‍ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്.