തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകന്‍ റാം, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വേറിട്ട ഭാവത്തിലും ലുക്കിലും ആണ് നിവിനെ ട്രെയിലറില്‍ കാണാനാകുക. അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടന്‍ സൂരി നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ നെതര്‍ലന്‍ഡ്‌സില്‍ നടന്ന രാജ്യാന്തര ചലചിത്രോത്സവത്തില്‍ വച്ചായിരുന്നു ‘യേഴ് കടല്‍ യേഴ് മലൈ’യുടെ പ്രീമിയര്‍. ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണു ചിത്രം അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശനം നടത്തി. സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ‘യേഴ് കടല്‍ യേഴ് മലൈ’ക്കു വേണ്ടി ഈണമൊരുക്കുന്നത്. ‘യേഴ് കടല്‍ യേഴ് മലൈ’ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.