പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം.നാളെ രാവിലെ 11.00 മണി മുതലാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും.
റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഗതാഗത നിയന്ത്രണം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ഇരുചക്രവാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം തൃശൂര്‍ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് പൊതുജനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.