എസ്യുവി വിപണിയില്‍ പിടി മുറുക്കാന്‍ ടൊയോട്ട ഇന്ത്യ. ഹൈറൈഡറിന് പിന്നാലെ വീണ്ടുമൊരു എസ്യുവിയുമായി ടൊയോട്ട എത്തിയേക്കും. കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്യുവി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡലും നിര്‍മിക്കുക. ടിഎന്‍ജിഎസി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കും ഹൈക്രോസിന് 2850 എംഎം വീല്‍ബെയ്സുണ്ട്. എന്നാല്‍ കൊറോള ക്രോസിന്റെ ഇന്ത്യന്‍ പതിപ്പിന് എത്ര വീല്‍ബെയ്സ് വരുമെന്ന് വ്യക്തമല്ല. മൂന്നു നിര സീറ്റുകളുള്ള വാഹനത്തില്‍ ഏഴുപേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക്കലി ഓപ്പണ്‍ ചെയ്യാവുന്ന ടെയില്‍ ഗേറ്റ്, വലുപ്പം കൂടിയ റിയര്‍ ഡോര്‍, വലിയ ഗ്ലാസ് ഏരിയ എന്നിവയുമുണ്ടാകും. രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിന് 1.8 ലീറ്റര്‍ എന്‍ജിനാണ്. എന്നാല്‍ വലുപ്പം കൂടിയ ഇന്ത്യന്‍ പതിപ്പിന് 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും ഉപയോഗിക്കുക.