ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം – കോൺഗ്രസ്
സംയുക്ത റാലി നടത്താൻ ധാരണ. ഇതിൽ ദേശീയ പതാക ഉപയോഗിച്ചായിരിക്കും റാലി നടത്തുക.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സംയുക്ത റാലി യിൽ പാർട്ടി പതാകകൾ ഉപയോഗിക്കില്ല. പകരമാണ് ദേശീയ പതാക ഉപയോഗിക്കുന്നത്.
ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി.
ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് നിന്ന് ബിജെപിയുടെ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാനത്തെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. എന്നാൽ ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനൊപ്പം നില്‍ക്കുമോയെന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് തിപ്ര മോത പാര്‍ട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നല്‍കിയത് പ്രതിപക്ഷത്തിന് ആശ്വാസമാണ്.