തണുപ്പു കാലത്ത് ന്യുമോണിയ കേസുകള്‍ പലപ്പോഴും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസകോശ അറകളില്‍ നീര്‍ക്കെട്ടിന് ന്യുമോണിയ കാരണമാകും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമെല്ലാം ന്യുമോണിയ സംഭവിക്കാം. തണുപ്പ് കാലത്ത് പലരും ദീര്‍ഘനേരം വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നതിനാല്‍ രോഗാണുക്കള്‍ അതിവേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പടരാനും സാധ്യതയുണ്ട്. നെഞ്ചിന് അസ്വസ്ഥത, ചുമ, കുളിര്, പനി, ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍. സമയത്തിനു ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശത്തിനു ക്ഷതം അടക്കമുള്ള രോഗസങ്കീര്‍ണതകളിലേക്ക് ഇത് നയിക്കാം. ജീവിതശൈലി മാറ്റങ്ങളിലൂടെ തണുപ്പ് കാലത്ത് ന്യുമോണിയ സാധ്യതകള്‍ കുറയ്ക്കാനാകും. പോഷണ സമൃദ്ധമായ ഭക്ഷണം, ആവശ്യത്തിനു വ്യായാമം, ഉറക്കം എന്നിവ ഇക്കാര്യത്തില്‍ പ്രധാനമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ബാക്ടീരിയ വളര്‍ച്ച തടയുകയും ചെയ്യുന്ന സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി, യോഗര്‍ട്ട് എന്നിവയുടെ ഉപയോഗം ന്യൂമോണിയ തടയാന്‍ സഹായിക്കും. ദിവസവും നടപ്പ് പോലെയുള്ള എയ്റോബിക് വ്യായാമങ്ങളില്‍ ഏതെങ്കിലും പിന്തുടരുന്നതും സഹായകമാണ്. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നതും തണുപ്പ് കാലത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. സമ്മര്‍ദവും ശ്വാസകോശ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. മെഡിറ്റേഷന്‍, യോഗ പോലുള്ള സമ്മര്‍ദ ലഘൂകരണത്തില്‍ സഹായിക്കും. കുട്ടികളില്‍ ന്യുമോണിയ ചികിത്സയ്ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം വാക്സിനേഷന് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പിന്തുടരണം. കൈകളുടെ ശുചിത്വവും അതിപ്രധാനമാണ്. തിരക്കുള്ള ഇടങ്ങളും രോഗികളുമായുള്ള സഹവാസവും ഒഴിവാക്കുന്നതും രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണ്.