കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അലര്‍ജികളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പീനട്ട് അലര്‍ജി. നിലക്കടല കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് കൗമാരപ്രായത്തില്‍ അവര്‍ക്ക് പീനട്ട് അലര്‍ജി ഉണ്ടാവാനുള്ള സാധ്യത 71 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തില്‍ പീനട്ട് അലര്‍ജിയുടെ ദീര്‍ഘകാല പ്രതിരോധം ആദ്യകാലത്തുള്ള നിലക്കടല ഉപഭോഗത്തിലൂടെ മറികടക്കാനാകുമെന്ന് വ്യക്തമാക്കുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തില്‍ പതിവായി നിലക്കടല ചേര്‍ക്കുന്നത് അവര്‍ക്ക് ഇത്തരത്തിലുള്ള പയറുവര്‍ഗത്തോടുള്ള സംവേദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. അഞ്ച് വയസിന് ശേഷം വര്‍ഷങ്ങളോളം നിലക്കടല കഴിച്ചില്ലെങ്കില്‍ പോലും ആദ്യകാലത്തുണ്ടാകുന്ന ഈ സംരക്ഷണം കുട്ടികളില്‍ നിലനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നിലക്കടലയിലെ പ്രോട്ടീനുകളെ ശരീരത്തിന് ഹാനികരമായ വസ്തുവാണെന്ന് കരുതി പ്രതിരോധിക്കുമ്പോഴാണ് അലര്‍ജിയുണ്ടാകുന്നത്. നിലക്കടല നേരിട്ട് കഴിക്കുന്നതും നിലക്കടല അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതും അലര്‍ജിക്ക് കാരണമാകാം.