പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂർ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ സ്ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമാണ് വേണ്ടത്. എന്നാൽ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഈ ദൂരം 78 മീറ്റർ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മന്ത്രിമാർ ഉള്ളതെന്നും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ട് ഇവർ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നും തിരുവമ്പാടി സെക്രട്ടറി പറഞ്ഞു.വെടിക്കെട്ടിന് അനുമതി നിഷേധിച്ച കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഗിരീഷ് കുമാർ കൂട്ടിച്ചേർത്തു.