അമേരിക്കയില്‍ പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്പിന് ഉള്ളത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ‘ക്ഷമിക്കണം, ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല’- എന്നും സന്ദേശത്തില്‍ വ്യക്തമാണ്. ഒന്നുകില്‍ ആപ്പ് ക്ലോസ് ചെയ്യുക അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന്റെ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന മറ്റൊരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാനാണ് ടിക് ടോക്ക് പറയുന്നത്. വെബ്സൈറ്റില്‍ കയറിയാല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് പ്രോസസ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്തേക്കാം എന്നും ടിക് ടോക്ക് അറിയിച്ചതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.