ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ 330 എല്‍ഐ എന്ന പെട്രോള്‍ കാറാണ് ടൈഗര്‍ സ്വന്തമാക്കിയിരിക്കുന്നത്. 255ബിഎച്പി കരുത്തുള്ള 2 ലീറ്റര്‍ 4 സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടി വരുന്നത് 6.2 സെക്കന്‍ഡ് മാത്രം. പരമാവധി വേഗം 250 കിലോമീറ്റര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ബിഎംഡബ്ല്യുവിന്റേതായ നിരവധി ആഡംബര സൗകര്യങ്ങളുമായാണ് ഈ നീളന്‍ കാറിന്റെ വരവ്. 58.60 ലക്ഷം മുതല്‍ 61 ലക്ഷം രൂപ വരെയാണ് ഈ ആഡംബര വാഹനത്തിന്റെ വില. ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു 5 സീരീസ്, ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി, ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോര്‍ച്യുനര്‍, ജാഗ്വാര്‍ എസ്എസ്100, പോണ്ടിയാക് ഫയര്‍ബേഡ് എന്നിങ്ങനെ സമ്പന്നമാണ് ടൈഗര്‍ ഷറോഫിന്റെ കാര്‍ ശേഖരം.