ഇന്‍സ്റ്റഗ്രാമിന് കീഴില്‍ മെറ്റ അവതരിപ്പിച്ച മൈക്രോബ്ലോഗിങ് സൈറ്റായിരുന്നു ‘ത്രെഡ്‌സ്’. ട്വിറ്ററിന്റെ എതിരാളിയായി എത്തിയ ത്രെഡ്‌സ് ആദ്യ ആഴ്ചയില്‍ തന്നെ 100 ദശലക്ഷം യൂസര്‍മാരെ സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍, ത്രെഡ്‌സ് നിലവില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ആന്‍ഡ്രോയ്ഡിലെ പ്രതിദിന സജീവ ഉപയോക്താക്കളില്‍ 79 ശതമാനത്തെയും ത്രെഡ്‌സ് ആപ്പിന് നഷ്ടപ്പെട്ടു. ജൂലൈ ഏഴിന് ത്രെഡ്സിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് ലോകമെമ്പാടുമായി 49.3 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാല്‍, ഓഗസ്റ്റ് ഏഴ് ആയപ്പോഴേക്കും, അത് പ്രതിദിനം 10.3 ദശലക്ഷം സജീവ ഉപയോക്താക്കളായി. ജൂലൈ ഏഴിലെ കണക്കുകള്‍ അനുസരിച്ച്, ത്രെഡ്‌സിലെ ലോകമെമ്പാടുമുള്ള സജീവ ഉപയോക്താക്കള്‍ ആപ്പില്‍ ദിവസവും ചെലവഴിക്കുന്ന ശരാശരി സമയം ഏകദേശം 14 മിനിറ്റായിരുന്നു. ആഗസ്ത് 7 ആയപ്പോഴേക്കും അത് വെറും മൂന്ന് മിനിറ്റായിട്ടായി. ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം യൂസര്‍മാരായിരുന്നു തുടക്കത്തില്‍ ത്രെഡ്‌സില്‍ പ്രധാനമായും ചേക്കേറിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ കളര്‍ഫുള്‍ അനുഭവത്തില്‍ നിന്നും ത്രെഡ്‌സ് എന്ന ടെക്സ്റ്റ് അധിഷ്ഠിത സോഷ്യല്‍ ആപ്പിലേക്ക് എത്തിയ പലരും ദിവസങ്ങള്‍ക്കകം തന്നെ ഇറങ്ങിയോടി. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ തങ്ങളുടെ പാതിയോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.