അഞ്ച് ദിവസങ്ങള്‍ കൊണ്ട് 100 ദശലഷം യൂസര്‍മാരെ സ്വന്തമാക്കി ചരിത്രം കുറിച്ച മെറ്റയുടെ മൈക്രോ ബ്ലോഗിങ് ആപ്പായ ‘ത്രെഡ്‌സി’ന് അതിന്റെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, നിലവില്‍ മെറ്റയുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം നേരിടുന്ന പ്രതിസന്ധി സാധാരണമാണെന്നും പുതിയ ഫീച്ചറുകള്‍ ആപ്പില്‍ ചേര്‍ക്കുന്നതോടെ ആളുകള്‍ തിരിച്ചെത്തുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ലോഞ്ച് ചെയ്ത സമയത്ത് തന്നെ ത്രെഡ്‌സ് പരിമിതമായ സവിശേഷതകളുടെ പേരില്‍ യൂസര്‍മാരില്‍ നിന്ന് പഴികേട്ടിരുന്നു. അതോടെ, മെറ്റ പ്രത്യേക ‘ഫോളോയിങ്, ഫോര്‍ യു’ ഫീഡുകള്‍ ആപ്പില്‍ ചേര്‍ക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റുകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരുന്നു. ത്രെഡ്‌സിലേക്ക് എത്തിയ ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റഗ്രാം യൂസര്‍മാരാണെന്നതാണ് വസ്തുത. ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ തുടക്കത്തിലെ ആവേശത്തില്‍ ത്രെഡ്‌സില്‍ കയറുകയും വൈകാതെ ഇറങ്ങിപ്പോവുകയും ചെയ്തു. അതുപോലെ വര്‍ഷങ്ങളായി അധ്വാനിച്ച് ട്വിറ്ററില്‍ വലിയ കമ്യൂണിറ്റിയെ സൃഷ്ടിച്ച ആളുകള്‍ക്കും ത്രെഡ്‌സിനോട് താല്‍പര്യം ജനിച്ചിട്ടില്ല. ട്വിറ്റര്‍ യൂസര്‍മാരെ കൂട്ടമായി ത്രെഡ്‌സില്‍ എത്തിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് മെറ്റക്ക് തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമിനെയും വിജയപ്പിക്കാന്‍ കഴിയുക.