അതിഥികള്ക്കു രുചിയുള്ള ഭക്ഷണ വിഭവങ്ങള് തയാറാക്കി വിളമ്പുന്നതാണു പൊതുവേ ലോകമെങ്ങുമുള്ള ആതിഥേയ ശൈലി. എന്നാല് ഈയിടെ ഒരു വിവാഹ വിരുന്നിനു വന്ന അതിഥികള് ഭക്ഷണ കൗണ്ടറിലെത്തിയപ്പോള് അല്പമൊന്ന് അമ്പരന്നു പോയി. ഭക്ഷണം വിളമ്പിത്തരാന് ആരുമില്ലെന്നു മാത്രമല്ല, ഭക്ഷണം പാകം ചെയ്തു കഴിക്കണമെന്നതാണ് അതിഥികളെ അമ്പരപ്പിച്ചത്. ഫുഡ് കൗണ്ടറില് സ്റ്റൗകളും ചട്ടികളുമെല്ലാം നിരത്തി വച്ചിട്ടുണ്ട്. അങ്ങനെ വിവാഹത്തിന് എത്തിയ വിഐപി അതിഥികള് സ്റ്റൗവില് ചപ്പാത്തി ചുട്ടെടുത്ത് സ്വന്തം പ്ളേറ്റിലേക്കിട്ടു കഴിക്കണമെന്നു സാരം. അതിഥികള് ഇങ്ങനെ റൊട്ടി ചുട്ടെടുക്കുന്നതിന്റെ വീഡിയോ എക്സ് പ്ളാറ്റ്ഫോമില് ഈയിടെ വൈറലായി. ‘വലിയ വിരുന്നുകളില് ഇത് പുതിയ കാര്യമാണോ? റൊട്ടി സ്വന്തമായി തയാറാക്കുക’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കോട്ടും സ്യൂട്ടും ധരിച്ച മധ്യവയസ്കരായ രണ്ടു പുരുഷന്മാര് നോണ്- സ്റ്റിക്ക് തവയില് ചപ്പാത്തി ഉണ്ടാക്കുന്നതു കാണാം. ഒരു കൈയില് ഒരു പ്ലേറ്റ് നിറയെ ഭക്ഷണവിഭവങ്ങളുണ്ട്. മറുകൈകൊണ്ടാണ് പാചകം. ഈ വിരുന്നൂട്ടല് വിദ്യ നടപ്പാക്കിയാല് സദ്യച്ചെലവു കുറയ്ക്കാം.
വിരുന്നിനെത്തി റൊട്ടി ചുടുന്നവര്
