കോവിഡ് മഹാമാരി വരുത്തിയ വലിയ ആഘാതത്തിന് ശേഷം ലോകം പതിയെ കരകയറുന്നതിനിടെയാണ് ചൈനയില്‍ വീണ്ടും ഒരു വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ആണ് പുതുതായി ആശങ്കയുണ്ടാക്കുന്നത്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസിനെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ആദ്യമായി നീരിക്ഷിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിക്ക് ഉള്ളത്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയും സാര്‍സ് കോവ് 2 വൈറസും രണ്ട് വൈറസ് കുടുംബത്തില്‍ പെട്ടതാണെങ്കിലും ചില സമാനതകള്‍ ഇവയ്ക്കുണ്ട്. രണ്ട് വൈറസുകളും ശ്വാസകോശ വ്യവസ്ഥയെയാണ് ഏറ്റവും ബാധിക്കുക. ഇത് നേരിയതോ കഠിനമോ ആയ അണുബാധയ്ക്ക് കാരണമാകാം. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ ഇവ രണ്ടും പടരാം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെ ബാധിക്കാം. മാസ്‌ക് ധരിക്കല്‍, ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നടപടികള്‍ രോഗവ്യാപനം തടയും. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം വാക്സിന്‍ ലഭ്യതയാണ്. കോവിഡ് 19ന് ഫലപ്രദമായ വാക്സിന്‍ ലഭ്യമാണ്. നിലവില്‍ എച്ച്എംപിവിക്ക് വാക്സിന്‍ ലഭ്യമല്ല. കൂടാതെ എച്ച്എംപിവി ബാധയ്ക്കുള്ള ആന്റി-വൈറല്‍ ചികിത്സയും പരിമിതമാണ്. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം.