ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനിടയിലും ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ അടുത്ത ആഴ്ച പുറത്തിറക്കാന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്‌സുമായി മത്സരിക്കാന്‍ ത്രെഡ്‌സില്‍ നിരവധി ഫീച്ചറുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് വേര്‍ഷന്‍ പുറത്തിറക്കുന്നത്. അതേസമയം, വെബ് വേര്‍ഷനൊപ്പം പുതിയ ഫീച്ചറും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, യൂസര്‍നെയിം ഉപയോഗിച്ച് മാത്രമാണ് ത്രെഡ്‌സില്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുക. ഇത് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനായി സെര്‍ച്ച് ഫീച്ചറിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതാണ്. ഒന്നര മാസം മുന്‍പാണ് മെറ്റ ത്രെഡ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമുമായി സംയോജിപ്പിച്ച രീതിയിലാണ് പ്രവര്‍ത്തനം. ത്രെഡ്‌സ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം 10 കോടിയിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ സജീവ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.