അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോലെ ഇനി വാട്ട്‌സ്ആപ്പിലും അവതാര്‍ ഫീച്ചര്‍ ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ഇവ ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകള്‍ക്കിടയില്‍ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ഇത് അറിയാനായി വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ പോയി ‘അവതാര്‍’ എന്ന പേരില്‍ സെര്‍ച്ച് ചെയ്യുക. ഉണ്ടെങ്കില്‍ അവതാര്‍ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അവതാര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭിക്കൂ.
ഉപയോഗിക്കുന്നില്ലെങ്കിലും ഫോണിന്റെ ചാര്‍ജ് കവര്‍ന്നെടുക്കുന്നതും ഡാറ്റാ ഉപയോഗം കൂട്ടുന്നതുമായഒരു കൂട്ടം ആപ്‌ളിക്കേഷനുകളെ പ്‌ളേസ്റ്റേറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ബുസാന്‍ബസ്സ്, ജോയ്‌കോഡ്, കറന്‍സി കണ്‍വെര്‍ട്ടര്‍, ഹൈ സ്പീഡ് ക്യാമറ, സ്മാര്‍ട്ട് ടാസ്‌ക് മാനേജര്‍, ഫ്‌ളാഷ്ലൈറ്റ് പ്‌ളസ്, കെ-ഡിക്ഷണറി, ക്യുക്ക് നോട്ട്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഡൗണ്‍ലോഡര്‍, ഈസി നോട്ട്‌സ്, ഈസിഡിസ എന്നീ 16 ആപ്പുകളെയാണ് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചത്. നിരവധി സേവനങ്ങള്‍ നല്‍കുന്ന ഈ ആപ്പുകള്‍ ഫോണ്‍ ഉടമ അറിയാതെ വെബ്ബ് പേജുകളിലെ പരസ്യങ്ങളിലേയ്ക്ക് കടന്നു പോകും. ഈ പ്രവര്‍ത്തനം മൂലം ഫോണിന്റെ ബാറ്ററിയും ഡാറ്റാ നെറ്റ്വര്‍ക്കും ബാധിക്കപ്പെടും.
മാഗ്നൈറ്റ് എസ്.യു.വിയുമായി ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ച ജാപ്പനീസ് കമ്പനിയായ നിസാന്‍ മൂന്ന് പുത്തന്‍ താരങ്ങളെക്കൂടി അവതരിപ്പിച്ചു. നിസാന്‍ എക്സ്-ട്രെയല്‍, ക്വാഷ്‌കായ് എന്നീ എസ്.യു.വികളുടെ ഇന്ത്യന്‍ നിരത്തിലെ ടെസ്റ്റിംഗ് ഉടന്‍ തുടങ്ങും. ‘ജ്യൂക്ക്’ എന്ന എസ്.യു.വിയും അധികം വൈകാതെ ഉപഭോക്താക്കളിലേക്കെത്തും. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയില്‍ എസ്.യു.വി വിപണി കാഴ്ചവച്ച വില്പനവളര്‍ച്ച 50 ശതമാനത്തോളമാണ്. 10 ലക്ഷത്തോളം എസ്.യു.വികള്‍ പുതുതായി റോഡിലെത്തി. ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് യഥാക്രമം ഈ ശ്രേണിയില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍. 17,883 യൂണിറ്റുകളാണ് നിസാന്‍ വിറ്റഴിച്ചത്.
മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്‍ നേര്‍ക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ കഥയില്‍ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. ‘അക്ഷയമിഥില’ അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാന്‍ തപസ്സുചെയ്യുന്ന ശൂര്‍പ്പണഖയെത്തേടി ലക്ഷ്മണന്റെ വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയില്‍ നിന്നും ശക്തിദുര്‍ഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയര്‍ത്തുന്നു. ഗിരിജ സേതുനാഥ്. ഗ്രീന്‍ ബുക്‌സ്. വില 237 രൂപ.
അമിതമായ ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നത് അന്നനാള ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ക്യാന്‍സറിലാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40നും 75നും ഇടയില്‍ പ്രായമുള്ള 50,045 പേരില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാന്‍ താല്‍പര്യമുള്ളവരാണ് പലരും. എന്നാല്‍ അമിതമായി ചൂട് ആഗ്രഹിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ. അതിനാല്‍ ചൂടാറുന്നതുവരെ കാത്തിരിക്കണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകരുടെ നിരീക്ഷണം. അടുത്തിടെ നിരീക്ഷിക്കപ്പെട്ട 317 പേരില്‍ അന്നനാള ക്യാന്‍സര്‍ ഉണ്ടായതിന് പിന്നില്‍ തിളച്ച പാനീയങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുള്ള കാരണമാണെന്നാണ് നിഗമനം. 60 ഡിഗ്രിക്ക് മുകളില്‍ താപനിലയുള്ള പാനീയങ്ങളാണ് ഇവര്‍ ശീലമാക്കിയിരുന്നത്. ഇത്തരക്കാരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 90ശതമാനമാണത്രേ.