സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ടൈറ്റില്‍ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ച ഗാനം അനുരാഗ് കുല്‍ക്കര്‍ണി ആലപിച്ചിരിക്കുന്നു. ബൃന്ദ മാസ്റ്റര്‍ ആണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എന്‍ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.