കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൊടിപാറണ നാടന്‍ തല്ലിന്റെ തകര്‍പ്പന്‍ പെര്‍മോര്‍മെന്‍സിന് ഒരുങ്ങി നില്‍ക്കുന്ന നാട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രോമോ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അനീഷ് ഉദയന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്സണും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നൈജില്‍ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.