സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നൽകി. ഇപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വി വേണു.
ലേബർ കമ്മീഷണറായ കെ. വാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നൽകി. ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണറായി ചാർജ് എടുക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി വീണ മാധവനെയും സംസ്ഥാന ജിഎസ്‌ടി കമ്മീഷണറായി ഡോ എസ് കാർത്തികേയനെയും നിയമിച്ചു.
നിലവിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുഴുവൻ ചുമതലയും അധികമായി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയനെ, സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ അധിക ചുമതല നൽകി.