‘തീപ്പൊരി ബെന്നി’യിലെ ‘കൊടിപാറട്ടെ തെളിമാനത്ത്…’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ മൂര്‍ച്ചയുള്ള വരികള്‍ക്ക് ശ്രീരാജ് സജിയുടെ ചടുലമായ ഈണവും പാട്ടിന്റെ മാറ്റുകൂട്ടുന്നതാണ്. വിപിന്‍ രവീന്ദ്രനും ശ്രീരാഗ് സജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജാണ് നായികയായെത്തുന്നത്. കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഈ മാസം 22 -ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ബെന്നിയുടെ അച്ഛനായ വട്ടക്കുട്ടായില്‍ ചേട്ടായി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന താരം ജഗദീഷാണ്. അച്ഛന്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളയാളാണെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിര്‍ക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.